നർക്കിലക്കാട്: അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടർമാരില്ലാത്തതുമൂലം നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞുള്ള ഒപി സേവനം നിലച്ചു.
മൂന്നു ഡോക്ടർമാരെങ്കിലും ആവശ്യമായ സ്ഥാനത്ത് ഇപ്പോൾ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. ഉച്ചകഴിഞ്ഞും ഒപി സേവനം തുടരുന്നതിനായി പഞ്ചായത്ത് ഒരു താത്കാലിക ഡോക്ടറെ നിയമിച്ചെങ്കിലും രാവിലെ തിരക്കേറിയതോടെ രണ്ടു പേരും രാവിലെതന്നെ ജോലിചെയ്യേണ്ട അവസ്ഥയായി.
ഇപ്പോൾ ആകെയുള്ള സ്ഥിരം ഡോക്ടർക്കും സ്ഥലംമാറ്റ ഉത്തരവ് വന്നിട്ടുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പകരം മറ്റൊരാൾ വരുന്നതുവരെ ഈ ഡോക്ടറെ തുടരാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ തന്നെ മൗക്കോട് ആരോഗ്യകേന്ദ്രത്തിലും മൂന്നു മാസത്തിലധികമായി ഒരു ഡോക്ടർ മാത്രമാണുള്ളത്.
“നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്നു ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും നിലവിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. പഞ്ചായത്തിന്റെ ആരോഗ്യ മേഖലയിലെ നിർവഹണ ഉദ്യോഗസ്ഥന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. നിലവിലുള്ള ഒരൊഴിവെങ്കിലും നികത്തിയാൽ മാത്രമേ തടസമില്ലാതെ സായാഹ്ന ഒപി സേവനം ലഭ്യമാക്കാൻ കഴിയൂ. ഈ വിഷയം നേരിട്ടും കത്തയച്ചും ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പക്ഷേ ജില്ലയില്‍ ഡോക്ടർമാരെ കിട്ടാനില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണ്.”
പി.വി. അനു, പ്രസിഡന്റ്, വെസ്റ്റ് എളേരി പഞ്ചായത്ത്.